സനാഥൻ

Picture1ഒരു കൂട്ടുകാരെന്റെ വീട്ടിൽ നിന്നും മടങ്ങവേ ആണ് വിഷ്ണുവിനെ കണ്ടത്. പാടത്തിനരുകിലെ കനാലിൽ ചൂണ്ടയിടുകയായിരുന്നു അവൻ , അടുത്തുള്ള തെങ്ങിന്റെ ചുവട്ടിൽ അപ്പു എന്ന അവന്റെ നായയും കിടപ്പുണ്ട് . നവംബർ മാസമായിരുന്നിട്ടും ഉച്ചവെയിലിനു നല്ല ചൂടായിരുന്നു.

“എന്താ വിഷ്ണു വല്ലതും കിട്ടിയോ ” സൈക്കിൾ നിർത്തി വിളിച്ചു ചോദിച്ചു ..

” ഓ എന്ത് കിട്ടാനാ ഏട്ടാ .. നമുക്ക് അതിനുള്ള ഭാഗ്യം ഇല്ലല്ലോ .. ഇങ്ങനെ കാത്തിരിക്കാനല്ലേ വിധി .. ചൂണ്ടയിട്ടാലും ജീവിതത്തിലും എല്ലാം ”

ഒരു ഒൻപതാം ക്‌ളാസുകാരന്റെ പക്വത കലർന്ന വാക്ക് കേട്ടിട്ടോ , അവന്റെ ഇടറിയ ശബ്ദം കേട്ടിട്ടോ , ഞാൻ സൈക്കിൾ സ്റ്റാൻഡിലേക്ക് ഇട്ടിട്ടു അവനടുത്തെത്തി . അപ്പു ഒന്നു മുരണ്ടു . അവൻ കയ്യ് ഉയർത്തി അവനോടു വേണ്ട എന്ന് പറഞ്ഞു എന്നെ നോക്കി .

അവന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു ..

ആ കനാലിന്റെ കരയിൽ ഇരുന്നു അവന്റെ തലമുടിയിൽ വിരലോടിച്ചു ചോദിച്ചു

” എന്ന പറ്റിയെടാ ”

നിറഞ്ഞ കണ്ണുകളുമായി അവൻ തല കുനിച്ചു ഇരുന്നു.

വിഷ്ണു , അവൻ എനിക്കൊരു ജീനിയസ് ആണ് . നാട്ടിലേക്കു പോകുന്നതിനു ഒരു മാസം മുൻപ് അവന്റെ മെസ്സേജ് വരും , വാങ്ങി വരേണ്ട ഇലക്ടോണിക്‌സ് , ഇലട്രിക്കൽ സാധനങ്ങളുടെ ലിസ്റ്റ്. ഒരു പെട്ടി കാണും. വീട്ടിൽ എത്തിയാൽ കറക്റ്റ് ആയി കാശു തന്നു വാങ്ങി പോകും . പലപ്പോളും അച്ഛൻ വഴക്കു പറഞ്ഞിട്ടുണ്ട് , പക്ഷെ ആ ചെറു പ്രായത്തിൽ അവന്റെ അറിവ് ഓർത്തു ഞാൻ ഒരിക്കലും വാങ്ങാതിരിന്നിട്ടില്ല.

“എന്ത് പറ്റി നിനക്ക് , നിന്നെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ”

“നന്ദേട്ടാ , നിങ്ങളെന്നല്ല ആരും ഇങ്ങനെ കണ്ടിട്ടില്ല ഏട്ടനറിയാമോ , ഞാനും ഈ സെന്റ് തോമസിലെ പിള്ളേരും തമ്മിൽ ഒരു വെത്യാസവുമില്ല ” ഒരു തേങ്ങലോടെ അവൻ പറഞ്ഞു നിർത്തി

സെന്റ് തോമസ് ഇവിടെ അടുത്ത അനാഥാലയമാണ് , പള്ളിയാണ് അത് നടത്തുന്നത് , പത്താം ക്‌ളാസ് വരെയുള്ള ആൺകുട്ടികളെ ആണ് അവിടെ നിർത്തി പഠിപ്പിക്കുന്നത് .

“നല്ലതു ചെയ്താലും , ചീത്ത ചെയ്താലും ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ. “

“കഴിഞ്ഞ ദിവസം ജില്ലാതലത്തിൽ നടന്ന ഓട്ട മത്സരത്തിൽ എനിക്ക് ഫസ്റ്റ് കിട്ടി . അവിടെ എത്ര പേരന്റ്സ് ഉണ്ടായിരുന്നെന്ന് അറിയാമോ ? അവരെ പ്രോത്സാഹിപ്പിക്കാൻ , ഓടിയെത്തുമ്പോൾ ഗ്ലുകോസും വെള്ളവുമൊക്കെയായി . ആ കിട്ടിയ മെഡലുമായി ഒരു ഫോട്ടോ എടുക്കാൻ . ഞാനോ സാറിന്റെ ഒപ്പം പോയി , അതുപോലെ തന്നെ തിരിച്ചു പോന്നു . ആ കിട്ടിയത് എന്തിനാണ് എന്ന് പോലും ചോദിയ്ക്കാൻ ആരും വന്നില്ല , ശരത് ചേട്ടൻ , ബാങ്കിലെ , പുള്ളി മാത്രം വന്നു വൈകിട്ട് വീട്ടിൽ. ”

എനിക്കെന്തോ തൊണ്ടയിൽ വാക്കുകൾ തടസ്സപ്പെട്ടുപോയി

“എന്റെ വീട്ടിൽ കോഴിയും താറാവും മീനും എല്ലാം ഉണ്ട് , എന്തിനാ വളർത്തണത് എന്നറിയാമോ. എനിക്കൊന്ന് സ്നേഹിക്കാൻ . ആരും കാണാതെ എന്റെ സങ്കടം പറഞ്ഞു തീർക്കാൻ . ഞാൻ വൈകീട്ട് സ്കൂളീന്നു വരുമ്പോൾ എല്ലാം കൂടി ഓടി വരും , എന്റെ കാലിന്റെ ചുറ്റിനും കൂടും . ഞാൻ അവിടെ ഇരുന്നാൽ എല്ലാം കൂടി മേത്തു കേറും . എന്തൊരു രസമാണെന്നു അറിയാമോ. ഞാൻ ഇന്ന് വരെ ഒന്നിനേം കൊന്നിട്ടോ, വിറ്റിട്ടോ ഇല്ല .ചത്ത് കഴിഞ്ഞാൽ കൊണ്ടേ കുഴിച്ചിട്ടും. ”

ഒരു നിമിഷം , ഞാൻ ഇരുന്ന സ്ഥലം താണു പോകുന്ന പോലെ തോന്നി .

“ഏട്ടന് അറിയാമോ , ഇടക്ക് സങ്കടം വരുമ്പോൾ, ചൂണ്ടയുമായി ഇവിടെ വന്നിരിക്കും. മീനൊന്നും പിടിക്കാനല്ല , അല്ലേലും ഇരയുള്ള ചൂണ്ടയിലല്ലേ മീൻ കൊത്തു. ഇത് വെറും കൊളുത്തു മാത്രമാണ് . പിന്നെ ഇവിടെ വന്നിരുന്നു ഈ പാടത്തിലെ കാറ്റു കൊണ്ടിരിക്കും . അപ്പൊ ഒരു സുഖവാ, പിന്നെ ചിലപ്പോൾ ഒന്നു മയങ്ങും . തിരക്കാനാളില്ലാത്തതു കൊണ്ട് വീട്ടിൽ നേരത്തു ചെല്ലണമെന്നൊന്നും ഇല്ലല്ലോ. ഇവൻ എപ്പോളും കാണും കൂട്ടിനു”

വിഷ്ണു , അവന്റെ അച്ഛനും അമ്മയും US ഇൽ ആണ് , ഒരു അനിയത്തി ഉള്ളതും അവിടെ . ഇവൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഇവിടെ ആയിരുന്നു . ഇടയ്ക്കു പോകും ഒരു പത്തു ദിവസമൊക്കെ . പിന്നെ ഇങ്ങോട്ടു പോരും. അവര് ഒന്ന് ഒന്നര കൊല്ലം കൂടുമ്പോൾ വരും. നിറയെ കളിപ്പാട്ടമൊക്കെ ആയിട്ടു.

“ആ കാണുന്ന വീട് കണ്ടോ ”

“മനക്കലെ ”

“അതിന്റെ പുതിയ അവകാശിയാ ഞാൻ , കഴിഞ്ഞ മാസം അതും വാങ്ങി ” ഒരു ചെറിയ ചിരി വരുത്തി അവൻ പറഞ്ഞു .

“ഓര്മ വച്ച നാള് മുതൽ മാമനോടൊപ്പമായിരുന്നു ഉറക്കം , പിന്നെ എന്റെ അറാം വയസ്സിൽ മാമൻ കല്യാണം കഴിച്ചു . അപ്പൊ അമ്മുമ്മയോടൊപ്പമായി . ഒരു കൊല്ലം തികച്ചില്ല . അപ്പോളേക്കും മുകളിൽ ഒരു മുറി പണിതു എന്നെ അങ്ങോട്ട് മാറ്റി. ചേട്ടനറിയാമോ ഇരുട്ട് എനിക്ക് പേടിയായിരുന്നു. അങ്ങിനെ ആണ് ഞാൻ ഉണ്ടായിരുന്ന കളിപ്പാട്ട കാറുകളുടെ എല്ലാം ബാറ്ററി അഴിച്ചു രാത്രി മുഴുവൻ LED ലൈറ്റ് കത്തിച്ചു വയ്ക്കാമെന്നു പഠിച്ചത് . പിന്നെ ഒരിക്കൽ വഴീന്നു ഇവനെ കിട്ടി . എന്നെ പോലെ തന്നെ എല്ലാവരും ഉണ്ടായിട്ടും ഒറ്റപെട്ടവൻ . ഞാൻ കൂടെ കൂട്ടി. എന്റെ കട്ടിലിനു താഴെ ഒരു ചാക്ക് വിരിച്ചു കൊടുത്തു. അന്ന് തൊട്ടു എന്നും ഇവൻ എന്റെ കൂടെ ഉണ്ട് .ഒരു നിഴലുപോലെ കൂടെ ”

അവന്റെ പക്വത എന്നെ അത്ഭുതപെടുത്തി.

“നിനക്ക് അങ്ങോട്ട് പൊയ്ക്കൂടേ , US ലേക്ക്”

“എന്തിനു , മൂന്നാം വയസ്സിൽ ഇവിടെ ഇട്ടേച്ചുപോയതല്ലേ . ഞാൻ പോയിരുന്നു രണ്ടു മൂന്നു തവണ . പക്ഷെ നമുക്കൊന്നും പിടിച്ചു നില്ക്കാൻ പറ്റില്ല ചേട്ടാ. നാടൻ ആയി പോയില്ലേ. ഞാൻ അവിടെ പോയി എന്ത് പറയും മലയാളമോ ?. വിനീതക്ക് പോലും ചേട്ടൻ ആണെന്ന് പറയാൻ മടി തോന്നിയ പോലെ. പിന്നെ ടേബിൾ മര്യാദകൾ. അവിടുത്തെ ജീവിതം . ഒന്നും നമുക്ക് പറ്റില്ല ചേട്ടാ. പിന്നെ അവർക്കും . ”

അവന്റെ മനസ്സറിഞ്ഞ പോലെ അപ്പു അവനരുകിൽ എത്തി കൈകളിൽ നക്കി .

“ചുമ്മാതിരിയാടാ , ഏട്ടനറിയാമോ മെയ് മാസം ചേട്ടൻ കൊണ്ടുവന്ന കുറെ സാധനങ്ങൾ , അത് വച്ച് ഞാൻ ഒരു അലാറവും ക്യാമെറയുമെല്ലാം സെറ്റ് ചയ്തു , എന്റെ കോഴിയെ പിടിക്കാൻ വന്ന കുറുക്കനെ ഓടിക്കാൻ. ഓണത്തിന് എല്ലാവരും വന്നില്ലേ. അന്ന് അങ്ങേരു അതെല്ലാം തല്ലി പൊട്ടിച്ചു . എന്തിനാണെന്നു അറിയാമോ, ഞാൻ ഇതെല്ലം ഉണ്ടാക്കി പഠിക്കാനുള്ള സമയം കളയുവാണെന്നു പറഞ്ഞു . അപ്പു ചാടി കുരച്ചതു കാരണം ഞാൻ ബെൽറ്റിനടി കൊണ്ടില്ല. അന്ന് ഞാൻ ഓടി മുറിയിൽ കയറി കട്ടിലിനടിയിലാ ഒളിച്ചേ . ഇവൻ ആ ചാക്ക് ക ഷണം കൊണ്ടെന്നെ പുതപ്പിച്ചു അരികിൽ കിടന്നു . എന്റെ ഓർമ്മയിൽ ആരും അങ്ങിനെ ചെയ്തിട്ടില്ല .”

അപ്പൊ അതായിരിക്കണം അച്ഛൻ വിഷ്ണുവിന് ഒന്നും വാങ്ങി കൊടുക്കരുത് എന്ന് എന്നോട് പറഞ്ഞത് . അവർ വന്നു പറഞ്ഞു കാണും.

“ഇതൊന്നുമല്ല ഏട്ടാ രസം . ഇവർ എല്ലാരും കൂടി എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി, കൗൺസിലിംഗിന് . അങ്ങേരോട് ഞാൻ എല്ലാം പറഞ്ഞു. ഒടുവിൽ ഇവരെ വിളിച്ചിരുത്തി അങ്ങേരു ഒരു ഡോസ് കൊടുത്തു . വിഷ്ണുവിന് ഒരു കുഴപ്പവുമില്ല , ഇങ്ങനെ ഒക്കെ നടക്കട്ടെ , ഇതൊന്നും ഇല്ലങ്കിൽ അവനു കുഴപ്പം വരുമെന്ന് . അതോടെ അവരൊന്നടങ്ങി. ”

“അന്ന് തോന്നിയാതാ ഇതെല്ലം അങ്ങ് തീർത്തലോ എന്ന് ”

“ഡാ നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട ”

“ഇല്ല ഏട്ടാ , ഇപ്പൊ എനിക്കൊരു ലക്‌ഷ്യം ഉണ്ട് . ഞാൻ ജീവിക്കും , അവരുടെ മുൻപിൽ . അവരുടേതല്ലാതെ ”

ഞാൻ അവന്റെ തോളിൽ തട്ടി എഴുന്നേറ്റു , നേരം രണ്ടു മണി ആയിരിക്കുന്നു.

“ഡാ ഞാൻ പോകുവാ , നാളെ ബാംഗ്ലൂർക്കു പോകും. നീ എന്തു വേണേലും പറഞ്ഞോ , ഞാൻ വാങ്ങി വരാം ”

“നന്ദേട്ടനും ശരതേട്ടനും ആണെന്റെ ശക്തി , ഞാൻ ഇവിടെ തന്നെ ഉണ്ടാകും ”

ഞാൻ സൈക്കിൾ എടുത്തു മുന്നോട്ടു ചവിട്ടി. വളവു തിരിയുന്നതിനു മുൻപ ഒന്ന് തിരിഞ്ഞു നോക്കി . അവനും അപ്പുവും അവിടെ ഇരിപ്പുണ്ട് .

വീട്ടിലെത്തി സൈക്കിൾ വച്ച് അകത്തു കേറി.

“കൊള്ളം നിങ്ങള്ക്ക് കഴിക്കാൻ ഒന്നും വേണ്ടേ ” ഭാര്യയാണ് .

“വേണ്ട , ഞാൻ ആന്റോയുടെ വീട്ടീന്ന് കഴിച്ചു , കുഞ്ഞു എന്തിയെടി ?”

“നല്ല ചൂടല്ലേ .അവൻ കിടന്നു ഉറങ്ങി ”

ഞാൻ മുറിയിലേക്ക് ചെന്നു , കുഞ്ഞു നല്ല ഉറക്കമാണ് .അവനോടു ചേർന്ന് കിടന്നു , രാവിലെ നുള്ളിയ ഇടതു കയ്യിലെ തടിപ്പിൽ വിരലോടിച്ചു.

“അച്ഛാ എവിടായിരുന്നു ..” പിന്നെയെന്തൊക്കെയോ പറഞ്ഞു എന്റെ കൈകൾ ക്കുള്ളിലേക്കു കയറി ഉറക്കം തുടർന്നു

 

അപ്പോളും എന്റെ മനസ്സ് ആ കനാലിന്റെ കരയിലെ സഹോദരങ്ങൾക്കൊപ്പമായിരുന്നു.

 

—–പീയാർ—–

ranjit

 

One thought on “സനാഥൻ

Add yours

  1. ഒരച്ഛനും മകനും തമ്മിലുളള ബന്ധം, നാട്ടിൽ നിന്നും അകന്നു നിൽക്കുന്ന ഒരു ബാ०ഗ്ളൂർ നിൽേക്കണ്ടി വരുന്ന ഒരു തനി നാട്ടിൻപുറത്തുകാരന്റെ മനസ്സ്, പിന്നെ സായിപ്പിനോട് ഒപ്പം പോകവേ തീൻമേശയിൽ ഉണ്ടാകുന്ന അമർഷം.. എല്ലാം ഉണ്ടിതിൽ. പിന്നെ ലേഖകന്റെ കുടുംബത്തെയു० നന്നായി പരാമർശിച്ചിരിക്കുന്നു.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

Website Powered by WordPress.com.

Up ↑

%d bloggers like this: