മുകളിലേക്ക് നീന്തി എത്തിയപ്പോഴേക്കും അശോകൻ കിതച്ചിരുന്നു . വള്ളത്തിന്റെ അരികിൽ പിടിച്ചു വിളിച്ചു പറഞ്ഞു .
“സാറെ അവിടെ എന്തോ ഉണ്ട് , രണ്ടു പേര് കൂടിവേണം , എന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റില്ല“.
അടുത്ത് നിന്ന വള്ളത്തിൽ നിന്ന് രണ്ടു പേർ പുഴയിലേക്ക് ചാടി. അവർ അശോകൻ കാട്ടിയ ദിശയിലേക്കു ഊളിയിട്ടു . ഒരു മിനിറ്റിനകം അവർ ശരീരവുമായി പൊങ്ങി , വള്ളത്തിൽ നിന്ന ഫയർ ഫോഴ്സ് കാർ അത് വാങ്ങി.
“ഇതുതന്നെ , മുടിയനായിട്ടു , ഏതായാലും കിട്ടിയല്ലോ മെസ്സേജ് കൊടുത്തേക്കു “
അശോകൻ അടുത്ത് കിടന്ന വള്ളത്തിലേക്ക് കയറി മലന്നു കിടന്നു . മഴയത്തു ഇത്രയും തവണ മുങ്ങിയതിന്റെ ക്ഷീണം ആ മുഖത്ത് കാണാമായിരുന്നു .
” സതീഷേ, തുരുത്തേലേക്കു വിട്ടോ , രണ്ടെണം അടിക്കണം “
“ശാന്തേടത്തി ?”
“നീ വിളിച്ചു പറ,രാത്രിക്ക് വരൂ എന്ന്”
അവർ ഷാപ്പിലെത്തിയപ്പോളേക്കും മഴ മാറിയിട്ടുണ്ടായിരുന്നു. ഒഴിഞ്ഞ ഒരു കൂടാരത്തിലേക്കു കയറി, അശോകൻ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. അപ്പോളേക്കും ഫോൺ അടിക്കാൻ തുടങ്ങി , കോൺസ്റ്റബിൾ ഉമേഷ് ആണ് .
“ഈ …. ഇനി എന്താണോ ?”
“ഡാ അശോകാ , നീ ബോഡി തപ്പി തന്നിട്ട് എവിടെ പോയി , ചെക്കന്റെ വീട്ടുകാര് കുറച്ചു പൈസ തന്നിട്ടുണ്ട് , നിന്റെ വക എത്രയാ എന്നാ വാങ്ങി പൊക്കോ “
“ഒന്നും വേണ്ട സാറെ.. ഞാൻ ഈ പണി നിർത്തി ആ പൈസ ഒന്നും ശെരിയാകത്തില്ലാ “
” നിനക്ക് വേണ്ടൽ വേണ്ട , അത് എങ്ങനാ കിടന്നേന്നു പറ , ഇവിടെ എഴുതി ചേര്ക്കാനാ “
“അറിയില്ല സാറെ , ഏതോ കാട്ട് വള്ളിപോലെ കാലെ കണ്ടു “
“മതി മതി കൂടുതൽ പറഞ്ഞു നീ പുകിലാക്കണ്ട , ബാക്കി ഞാൻ നോക്കിക്കോളാം .. ഇല്ലേ പിന്നേം പണിയാകും “
അശോകൻ ഫോൺ കട്ട് ചെയ്തു വിളിച്ചു പറഞ്ഞു
“ഡാ , കള്ളിനൊപ്പം ഒരു കപ്പേം ചാളക്കറീം , പിന്നെ ഒരു പന്നി ഉലത്തിയതും “
#####################################################
സന്ധ്യ കഴിഞ്ഞാണ്അശോകൻ വീട്ടിൽ എത്തിയത്. സാധാരണ രീതിയിൽ കിണറ്റിൽ നിന്നും വെള്ളം കോരി സോപ്പ് തേച്ചു കുളിച്ചു . അയയിൽ നിന്നും വസ്ത്രം മാറി വരാന്തയിലെ കസേരയിൽ ഇരുന്ന് പേപ്പർ എടുത്തു നിവർത്തി .
“എന്തേലും കഴിച്ചായിരുന്നോ , കട്ടൻ ഇടട്ടെ ” ശാന്ത വാതിൽ പടിയിൽ നിന്ന് ചോദിച്ചു ..
“വേണ്ട , സൗമ്യ എന്തിയെ ?”
“അവള് മുറിയിൽ ഉണ്ട് , ഞാൻ വിളിക്കാം “
ശാന്ത വിളിക്കുന്നതിന് മുൻപ് തന്നെ സൗമ്യ വാതിക്കലേക്കു എത്തി , അവളുടെ കരഞ്ഞു തളർന്ന മുഖം കൈയിലേക്ക് എടുത്തു അശോകൻ കവിളിൽ തലോടി. പേപ്പറിലെ ന്യൂസ് കാണിച്ചു പറഞ്ഞു .
“നീയൊന്നു വായിക്ക്”
“മഴ കെടുതിയിൽ കനത്ത നാശം , ഒരാളെ കാണാതായി
കോട്ടയം : ജില്ലയിൽ മഴക്കെടുതിയിൽ കനത്ത നാശം , ഒരു കോളേജ് വിദ്യാർത്ഥിയെ കാണാതായി , പോലീസും ദ്രുത കർമ്മ സേനയും കാണാതായ “
“മതി , ഇത് ഇന്നത്തെ പേപ്പർ ആണ് , നാള ത്തെ ന്യൂസ് അറിയാമല്ലോ . ഇതാണ് സത്യം , ഇത് മാത്രം . രണ്ടുപേരോടും കൂടിയാപറഞ്ഞെ . ശാന്തേ നീ പോയി കുറച്ചു ഉപ്പും മുളകും ഒരു ചിരട്ടയിൽ കൊണ്ടുവാ “
ശാന്ത കൊണ്ടുവന്ന ചിരട്ട എന്തൊക്കെയോ ചൊല്ലി സൗമയക്കും ചുറ്റും മൂന്നുവട്ടം ഉഴിഞ്ഞു .. അയാളുടെ കണ്ണുകൾ രണ്ടും ചുവന്നു വരുന്നത് അവർ കണ്ടു.
“നല്ല കൊതി കിട്ടിയിട്ടുണ്ട് എന്റെ മോൾക്ക് എല്ലാം ഞാൻ മാറ്റിത്തരാം. അകത്തോട്ടു പൊക്കോ രണ്ടുപേരും “
അശോകൻ ഇറയത്തു തൂക്കിയിരുന്ന ഭസ്മപാത്രത്തിൽ നിന്നും ഒരു ഫോൺ എടുത്തു ചിരട്ടയിൽ വച്ചു. കത്തികൊണ്ടിരുന്ന നിലവിളക്കിൽ നിന്നും അല്പം എണ്ണ ചിരട്ടയിലേക്ക് പകർന്നു, എല്ലാം കൂടി ആ പേപ്പറിൽ പൊതിഞ്ഞെടുത്തു വെളിയിലേക്കിറങ്ങി .
പൊതികെട്ടു മുറ്റത്തിരുന്ന പാത്രത്തിൽ ഇട്ടു തീ പകർന്നു .. വറ്റൽ മുളകിന്റെ മണം അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങിയപ്പോൾ അശോകൻ ഉടുമുണ്ടഴിച്ചു ആകാശത്തിലേക്കു നോക്കി. അപ്പോൾ , തെക്കു വശത്തെ പാലമരത്തിൽ ഇരുന്നു രണ്ടു ദിവസമായി കരഞ്ഞു കൊണ്ടിരുന്ന കൊല്ലി കുറവൻ ദൂരേക്ക് പറന്നു പോയി .
—–പീയാർ
Wow…..മനോഹരമായി എഴുതി…….👌👌
LikeLike
ഇതിനെ പിടിച്ചു വിൽക്കുന്നവർ ഈ സമൂഹത്തിൽ നിന്നും ഒഴിച്ച് പോകേണ്ട വർ തന്നെ ആണ്. യന്ത് കഷ്ട്ടം ആണ് മനുഷ്യരുടെ പണംത്തിന് വേണ്ടി യുള്ള ആർത്തി…
LikeLike